വിഴിഞ്ഞം‌: സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളി

Webdunia
ചൊവ്വ, 10 ഫെബ്രുവരി 2009 (11:23 IST)
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂം ഡവലപ്പേഴ്സിനെക്കൂടി ഉള്‍പ്പെടുത്തി വിഴിഞ്ഞം തുറമുഖ ടെന്‍ഡര്‍ നടപടികള്‍ 15 ദിവത്തിനകം പുനരാരംഭിക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു.

കരാറിന്‌ ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്ന സൂം ഡെവലപ്പേഴ്‌സിനെ കൂടി ഉള്‍പ്പെടുത്തി കരാര്‍ നടപടികള്‍ പുനരാരംഭിക്കണമെന്ന്‌ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ്‌ സര്‍ക്കാരും തുറമുഖ ട്രെസ്‌റ്റും സുപ്രീംകോടതിയെ സമീപിച്ചത്‌.

ലാന്‍‌കോ കൊണ്ടപ്പള്ളി ഗ്രൂപ്പിന്‌ ടെന്‍ഡര്‍ നല്‍കിയ നടപടികളുമായി മുന്നോട്ട്‌ പോകാന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്‍റെ ആവശ്യം.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സമര്‍പ്പിക്കപ്പെട്ട അഞ്ച്‌ ടെന്‍ഡറുകളില്‍ ലാന്‍കോ, വീഡിയോകോണ്‍, നാഗാര്‍ജുന എന്നീ മൂന്ന്‌ കണ്‍സോര്‍ഷ്യങ്ങള്‍ മാത്രമാണ്‌ പ്രാഥമിക ഘട്ടത്തില്‍ യോഗ്യത നേടിയത്‌.

ഇവയില്‍ ഏറ്റവും കുറഞ്ഞ തുകയ്‌ക്ക്‌ ടെണ്ടര്‍ നല്‌കിയ ഹൈദരാബാദ്‌ ആസ്ഥാനമായ ലാന്‍കോയ്‌ക്ക്‌ കരാര്‍ നല്‌കുകയും അതിന്‌ മന്ത്രിസഭ അനുമതി കൊടുക്കുകയുമായിരുന്നു.