വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് തുറക്കണം: ഹൈക്കോടതി

Webdunia
തിങ്കള്‍, 23 ജനുവരി 2012 (16:44 IST)
പഞ്ചായത്ത് അടച്ചു പൂട്ടിയ വിളപ്പില്‍ശാല മാലിന്യപ്ലാന്റ്‌ തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പൊലീസ് സംരക്ഷണത്തോടെ പ്ലാന്റ് തുറക്കാനാണ്‌ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്‌. ഇവിടേയ്ക്കെത്തുന്ന കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പ്ലാന്റില്‍ പാലിക്കണം. 92 ടണ്‍ അഴുകുന്ന മാലിന്യങ്ങള്‍ മാത്രമേ പ്ലാന്റില്‍ സംസ്കരിക്കാനായി എത്തിക്കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്ലാന്റ് അടച്ചുപൂട്ടിയതുമൂലം നഗരത്തിലെ ജനങ്ങള്‍ മുഴുവന്‍ വലയുകയാണ്. ഇതിന്‌ എന്ത്‌ പരിഹാരമാണ്‌ പഞ്ചായത്ത്‌ നിര്‍ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു. അത് കോര്‍പ്പറേഷന്റെ ചുമതലായാണെന്നായിരുന്നു പഞ്ചായത്തിന്റെ വാദം. പ്ലാന്റിന്‌ പൊലീസ് സംരക്ഷണം നല്‍കാന്‍ തയാറാണെന്ന്‌ നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.