വിലക്കയറ്റം: നിയമസഭയില്‍ പ്രതിപക്ഷബഹളവും ഇറങ്ങിപ്പോക്കും

Webdunia
ബുധന്‍, 8 ജനുവരി 2014 (12:02 IST)
PRO
വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പെട്രോള്‍, ഡീസല്‍, ഭക്ഷ്യവില വര്‍ധന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐയിലെ സി ദിവാകരനാണ് ശൂന്യവേളയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

മന്ത്രി അനൂപ് ജേക്കബ് സ്വപ്ന ലോകത്താണെന്നും മൂന്നേകാല്‍കോടി ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ കാണുന്നില്ലെന്നും സി ദിവാകരന്‍ ആരോപിച്ചു. പെട്രോള്‍, പാചകവാതക വില വര്‍ധനയെ തുടര്‍ന്നു വന്‍ വിലക്കയറ്റമാണുണ്ടായതെന്നു സി.ദിവാകരന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ശരിയായ രീതിയില്‍ അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് അരിവില നിയന്ത്രണ വിധേയമാണെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ജയ അരി ഒഴികെ മറ്റ് അരികള്‍ക്കൊന്നും വില കൂടിയിട്ടില്ല.

വിലക്കയറ്റം രൂക്ഷമല്ല. മറ്റ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കാരണങ്ങളും കണ്‍സ്യുമര്‍ സംസ്ഥാനമായ കേരളത്തെ ബാധിക്കുന്നുണ്ടെന്നും അനൂപ് പറഞ്ഞു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വിലക്കയറ്റം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.