വിഎസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റേണ്ടതില്ലെന്ന് സിപിഎം ഔദ്യോഗിക നേതൃത്വം. നിലവിലുള്ള രാഷ്ട്രീയസാഹചര്യത്തില്‍ ഇപ്പോള്‍ ഈ വിഷയം ഉന്നയിക്കേണ്ട എന്നാണ് ഔദ്യോഗികപക്ഷത്തിന്റെ തീരുമാനം. വി എസ് പാര്‍ട്ടിക്ക് വിധേയനാകുന്നു എന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.
മാത്രവുമല്ല വി എസ് പാര്‍ട്ടിക്ക് വിധേയനാകുന്നു എന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. ഇപ്പോഴത്തെ രാഷ്ട്രീയസംഭവങ്ങളില്‍ വി എസ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തില്‍ സംഘടനാവിഷയങ്ങള്‍ നേതൃത്വം ഉന്നയിക്കാന്‍ ഇടയില്ല.
വി എസ് അച്യുതാനന്ദനെ പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രകമ്മിറ്റിക്ക് സംസ്ഥാനകമ്മിറ്റി നേരത്തെ പ്രമേയം പാസാക്കി നല്‍കിയിരുന്നു. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മീഷനേയും കേന്ദ്രകമ്മിറ്റി നിയോഗിച്ചു.
എന്നാല്‍ വി എസിനെ മാറ്റണമെന്ന് തല്‍ക്കാലം കടുംപിടുത്തം വേണ്ടെന്നാണ് സംസ്ഥാനത്തെ ഔദ്യോഗിക പക്ഷത്തുണ്ടായ ധാരണ. ഇപ്പോള്‍ സംസ്ഥാനത്ത് എല്‍ ഡി എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. സര്‍ക്കാറിന് എതിരായ വികാരത്തെ പരമാവധി മുതലെടുക്കണം. ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്നത് ഗുണകരമാകില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു.