വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന്‍ കുത്തേറ്റ് മരിച്ചു

Webdunia
ചൊവ്വ, 26 ജൂണ്‍ 2012 (09:07 IST)
PRO
PRO
രാത്രികാല വാഹനപരിശോധനക്കിടെ അജ്ഞാത സംഘത്തിന്റെ കുത്തേറ്റ പൊലീസുകാരന്‍ മരിച്ചു. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ള (47)യാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന എഎസ്ഐ ജോയിക്കും കുത്തേറ്റു. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ കൊല്ലത്ത്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ഒന്നരയോടെ കുളമട ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെ ഒരു മാരുതി വാനില്‍ വന്ന മൂന്നംഗ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. എഎസ്‌ഐയെ ആക്രമിക്കുന്നതു കണ്ടു തടയാനെത്തിയ മണിയന്‍പിള്ളയെ അക്രമി സംഘം കുത്തിവീഴ്ത്തിയ ശേഷം വാഹനവുമായി രക്ഷപെട്ടു. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ പറവൂര്‍ പൊലീസാണ്‌ ഇവരെ ആശുപത്രിയില്‍ എത്തിച്ചത്‌. ചാത്തന്നൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിയന്‍പിള്ള മരിച്ചു.

അയിരൂരിനു സമീപം അക്രമിസംഘത്തിന്റെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പരിശോധനയില്‍ വാഹനത്തിനുള്ളില്‍ പലയിടത്തും രക്തക്കറ കണ്ടതായും വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്നും പൊലീസ്‌ പറഞ്ഞു. കമ്പിപ്പാര ഉള്‍പ്പെടെയുള്ള ആയുധങ്ങളും വാഹനത്തിനുള്ളില്‍ നിന്ന് കണ്ടെടുത്തു. ഇവര്‍ മോഷ്ടാക്കളാണെന്നാണ്‌ സൂചന.