തന്നില്‍ നിന്ന് വലിയ വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കാമെന്ന് സോളാര്‍ കേസ് മുഖ്യപ്രതി സരിത എസ് നായര്‍. രണ്ട് ദിവസത്തിനകം വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അമ്പലപ്പുഴ കോടതിയില്‍ ഹാജരായ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
സോളാര്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും. താന്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ല. രാഷ്ട്രീയക്കാരെ ആരെയും കാണാന്‍ താന്‍ ആഗ്രഹിക്കുന്നുമില്ല. പണം നല്‍കി കേസ് ഒതുക്കിയിട്ടില്ല. കോടതികളില്‍ കെട്ടിവച്ച പണം അമ്മയും ബന്ധുക്കളും നല്‍കിയതാണെന്നും സരിത പറഞ്ഞു.
താന്‍ ഒളിവില്‍പോയിട്ടില്ല. ഒരു സ്ത്രീയെന്ന നിലയില്‍ സ്വകാര്യത ആഗ്രഹിക്കുന്നു. തന്റെ മക്കള്‍ക്കൊപ്പം സമയം ചെലവിടാന്‍ പോലും മാധ്യമങ്ങള്‍ അനുവദിക്കുന്നില്ല. ഇനിയും ചില കേസുകളില്‍ കൂടി കോടതികളില്‍ ഹാജരാകാനുണ്ട്. അതിന്റെ തയ്യാറെടുപ്പുകളിലാണ്. അതിന് ശേഷം മാത്രമേ മാധ്യമങ്ങളെ കാണാന്‍ സാധിക്കുകയുള്ളൂ എന്നും സരിത പറഞ്ഞു.
സരിതയ്‌ക്കെതിരായ കേസ് പരിഗണിക്കുന്നത് അമ്പലപ്പുഴ കോടതി മാര്‍ച്ച് അഞ്ചിലേക്ക് മാറ്റി. മൂന്ന് വാറണ്ടുകള്‍ ആയിരുന്നു കോടതി സരിതയ്ക്കെതിരെ പുറപ്പെടുവിച്ചത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ സരിതയ്ക്കെതിരെ ഉണ്ടായിരുന്ന കേസ് കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പായിരുന്നു.
ജയില്‍മോചിതയായ ശേഷം അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വീട്ടിലേക്ക് പോയ സരിത അവിടെ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. സരിത ആലപ്പുഴയില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഹൌസ്ബോട്ടില്‍ ആയിരുന്നു എന്നും സൂചനകള്‍ ഉണ്ട്.