വയനാട്ടില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടില്ല

Webdunia
തിങ്കള്‍, 21 ജൂണ്‍ 2010 (11:33 IST)
വയനാട് കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ആണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടാത്തത്. കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

വയനാട്ടില്‍ കൈയേറ്റം ഒഴിപ്പിച്ചപ്പോള്‍ പൊലീസ് അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ ആദിവാസികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ആദിവാസികളെ കൈയേറ്റ ഭൂമിയില്‍ നിന്ന് ഏതു വിധേനയും ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് മനുഷ്യാവകാശ ധ്വംസനമാണെന്ന് ചൂണ്ടിക്കാട്ടി ആദിവാസി ക്ഷേമസമിതി മനുഷ്യാവകാശ കമ്മീഷന് പരാതി നല്കിയിരുന്നു. എ കെ എസ്സിനു വേണ്ടി
സി പി എം വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവരായിരുന്നു പരാതി നല്കിയത്. ആദിവാസികള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കുന്നതിന് മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം.

എന്നാല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കുകയായിരുന്നു. പരാതി പരിശോധിച്ചതിനു ശേഷമാണ് കമ്മീഷന്‍ ഇക്കാര്യം തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷന്‍ പരാതിക്കാര്‍ക്ക് കത്തു നല്കും.