വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാത്തതിന് സുരേഷ് ഗോപിക്ക് പറയാന്‍ ഒരു കാരണമുണ്ട്

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2016 (16:41 IST)
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തുതന്നെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബി ജെ പിയില്‍ ചര്‍ച്ച തുടങ്ങിയതാണ്. ഒടുവില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഭ്യൂഹവും ഉണ്ടായി. തിരുവനന്തപുരത്ത് ഏതെങ്കിലും ഒരു സീറ്റില്‍ താരം മത്സരിക്കുമെന്നായിരുന്നു ബി ജെ പി കേന്ദ്രങ്ങള്‍ നല്‍കിയ സൂചന. ബി ജെ പിക്ക് നല്ല വോട്ട് ബാങ്കുള്ള വാട്ടിയൂര്‍ക്കാവായിരുന്നു സുരേഷ് ഗോപിക്കായി ബി ജെ പി നീക്കിവച്ചത്. 
 
എന്നാല്‍ ഇതിനോട് തണുത്ത പ്രതികരണമായിരുന്നു താരത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. പ്രതീക്ഷിക്കാതെ സുരേഷ് ഗോപിയുടെ ഭാഗത്തു നിന്ന് ഉണ്ടായ പിന്മാറ്റത്തെകുറിച്ച് പലവാര്‍ത്തകളും മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ വ്യക്തമായ കാരണമാണം ഈ തീരുമാനത്തിന് പിന്നില്‍ ഉണ്ടെന്നാണ് പുതിയ വിവരം.
 
വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപി മത്സരിക്കുകയാണെങ്കില്‍ നേരിടേണ്ടിവരിക കെ മുരളീധരനെയാണ്. കെ കരുണാകരനുമായുള്ള ബന്ധം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ മകനെതിരെ മത്സരിക്കാന്‍ കഴിയില്ലെന്നാണ് ബി ജെ പി നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചത്.
 
അതേസമയം തിരുവനന്തപുരത്ത് മറ്റേതെങ്കിലും സീറ്റ് നല്‍കിയാല്‍ സുരേഷ് ഗോപി മത്സരിക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ബി ജെ പി ഒഴിച്ചിട്ടിരിക്കുകയാണ്. ബി ജെ പി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം സെന്‍ട്രല്‍.