വടക്കന്‍ കേരളത്തില്‍ കനത്തമഴ ഇന്നും തുടരും

Webdunia
ശനി, 23 ഒക്‌ടോബര്‍ 2010 (12:52 IST)
വടക്കന്‍ കേരളത്തില്‍ ഞായറാഴ്ച രാവിലെ വരെ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച പരക്കെ മഴ പെയ്‌ത കോഴിക്കോട് 11 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്, ജില്ലകളിലെ വോട്ടെടുപ്പിനെ മഴ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. കോഴിക്കോടിലെ താഴ്‌ന്ന പ്രദേശങ്ങളിലും റോഡുകളും ഇന്നലെ കനത്ത മഴിയില്‍ വെള്ളത്തിനടിയിലായിരുന്നു.

പൊടുന്നനെയുണ്ടായ കാലവര്‍ഷത്തിന് കാരണമായി കാലാവസ്ഥ കേന്ദ്രം ചൂണ്ടിക്കാട്ടുന്നത് രണ്ട് കാരണങ്ങളാണ്. അറബിക്കടലില്‍ കര്‍ണാടക-കേരള തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ധവും ബംഗാള്‍ ഉള്‍ക്കടലില്‍ വീശിയടിച്ച 'ഗിരി' ചുഴലിക്കാറ്റും. വെള്ളിയാഴ്ച വൈകീട്ട് ഇത് മ്യാന്‍മാര്‍ തീരത്തേക്ക് കടന്നിട്ടുണ്ട്. അന്തരീക്ഷത്തിലെ ഈ വ്യതിയാനങ്ങള്‍ കാരണം ശനിയാഴ്ചയും വടക്കന്‍ കേരളത്തില്‍ കനത്ത മഴ പെയ്യാം. തെക്കന്‍ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.