വടകര: സി എം പി ഉറച്ചുതന്നെ

Webdunia
ശനി, 28 ഫെബ്രുവരി 2009 (11:30 IST)
വടകര സീറ്റില്‍ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് യു ഡി എഫ് യോഗത്തില്‍ തീരുമാനിച്ചതിനാലാണ്, സീറ്റുവേണമെന്ന ആവശ്യത്തില്‍ നിന്നു സി എം പി പിന്‍മാറിയതെന്ന് സി എം പി നേതാവ് എം വി രാഘവന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പിന്നീട് നിലപാട് മാറ്റുകയായിരുനു. ഇത് എന്തു കൊണ്ടാണെന്ന് അറിയില്ല. അടുത്ത യു ഡി എഫ് യോഗത്തില്‍ വടകര സീറ്റ് പ്രശ്നം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രമേശ് ചെന്നിത്തലയ്ക്കു സ്വതന്ത്രമായി എന്തും പറയാനുള്ള അധികാരമുണ്ട്. വടകര സീറ്റ് കോണ്‍ഗ്രസിനാണെന്ന് പറഞ്ഞതിനെ ചോദ്യം ചെയ്യില്ല. യു ഡി എഫ് തീരുമാനം നടപ്പാക്കുന്നത് ഉറപ്പാക്കേണ്ടത് യു ഡി എഫ് യോഗമാണ്. അതുകൊണ്ട് യോഗത്തില്‍ പ്രശ്നം ഉന്നയിക്കും. എന്നാല്‍, മുന്നണിബന്ധത്തില്‍ ഇതു പ്രശ്നമാകില്ലെന്നും എം വി ആര്‍ പറഞ്ഞു.

നവകേരളയാത്രയില്‍ പങ്കെടുക്കില്ല എന്നു പ്രഖ്യാപിച്ചിട്ടും സമാപനസമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെക്കുറിച്ച്, ‘ഇത്രയും നാണം കെട്ട രാഷ്‌ട്രീയക്കാരനുണ്ടോ’ എന്നാണ് എം വി രാഘവന്‍ ചോദിച്ചത്. വി എസിനെ പിണറായി വിജയന്‍ സംരക്ഷിക്കുമെന്നുറപ്പാണ്. വി എസിനെ വിശ്വസിച്ച് പിണറായിക്കെതിരെ മുദ്രാവാക്യം വിളിച്ച സഖാക്കളെ ആരു സംരക്ഷിക്കുമെന്നും എം വി ആര്‍ ചോദിച്ചു.