തിരുവനന്തപുരം ലോ അക്കാദമിയിലേക്ക് പുതിയ പ്രിൻസിപ്പലിനെ ക്ഷണിച്ചുകൊണ്ട് പത്ര പരസ്യം. ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പലായി നിയമിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിശ്ചത യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി 18.02.2017ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ലോ അക്കാദമിയുടെ പുന്നന്‍ റോഡിലുള്ള ഓഫീസില്‍ എത്തിച്ചേരേണ്ടതാണ് എന്നാണ് പത്ര പരസ്യം.
അതേസമയം, നിയമനം താൽക്കാലികമാണോ സ്ഥിരമാണോ എന്ന് പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല. ലോ അക്കാദമിയിലെ പ്രശ്നത്തെ തുടർന്ന് പ്രിൻസിപ്പൽ ലക്ഷ്മി നായർ 5 വർഷത്തേക്ക് സ്ഥാനത്ത് നിന്നും ഒഴിഞ്ഞ് നിൽക്കുകയാണ്.
എന്നാൽ, ലക്ഷ്മി നായർ രാജിവെക്കണമെന്ന ആവശ്യമാണ് എസ് എഫ് ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ ഉന്നയിക്കുന്നത്. ഇതേതുടർന്ന് ഇന്നലെ ലോ അക്കാദമിയ്ക്ക് സമീപത്തെ മരത്തി കയറി ഒരു യുവാവ് ആത്മഹത്യാഭീഷണി മുഴക്കുകയും മറ്റു രണ്ട് പേർ ദേഹത്ത് പെട്രോൾ ഒഴിച്ച് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
പൊലീസിന്റേയും ഫയർഫോഴ്സിന്റേയും തന്ത്രപരമായ ഇടപെടൽ മൂലം ഇരുവരേയും രക്ഷപ്പെടുത്തുകയായിരുന്നുവെങ്കിലും സംഘർഷം കണ്ട് ഭയന്ന് ഓടിയ മണക്കാട് സ്വദേശി അബ്ദുൾ ജബ്ബാർ (64) കുഴഞ്ഞുവീണു മരിച്ചു.