ലോറിയില്‍ ബംഗാളി പെണ്‍കുട്ടിക്ക് പീഡനം: വിചാരണ ഉടന്‍

Webdunia
ബുധന്‍, 30 ജനുവരി 2013 (15:38 IST)
PRO
PRO
കണ്ണൂര്‍ ഉളിക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത ബംഗാളി പെണ്‍കുട്ടിയെ ലോറിയില്‍ കയറ്റി പീഡിപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ച കേസിന്റെ വിചാരണ ഫെബ്രുവരി ഏഴിന്‌ ആരംഭിക്കും. കേസിന്റെ വിചാരണ നേരത്തെ നടത്തണമെന്നാവശ്യപ്പെട്ട്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ ജോണ്‍സണ്‍ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ്‌ വിചാരണ ഏഴിനു തുടങ്ങാന്‍ കോടതി ഉത്തരവിട്ടത്‌.

വിചാരണ നടപടികളുടെ ഭാഗമായി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍‌മേലുള്ള വാദമാണ്‌ ഏഴിനു നടക്കുക. തുടര്‍ന്ന്‌ പ്രതികളെ കോടതി ചോദ്യം ചെയ്യും. പിന്നീടുള്ള ദിവസങ്ങളില്‍ സാക്ഷികളുടെ വിസ്താരം നടക്കും.

കേസിലെ പ്രതികളായ ഉളിക്കല്‍ വയത്തൂരിലെ ബിജു (38), മുഹമ്മദ്‌ ഷെരീഫ്‌(27), മുഹമ്മദ്‌ സാലി (25), ജംഷീര്‍ (23) എന്നിവരെ സംഭവം നടന്നു രണ്ടാം ദിവസം തന്നെ പൊലീസ്‌ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

2011 ഡിസംബര്‍ 24 നാണ് സംഭവം നടന്നത്. ബംഗാള്‍ മുര്‍ഷിദാബാദ്‌ കബില്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ്‌ പീഡനത്തിനിരയായത്‌. പെണ്‍കുട്ടി ഇപ്പോള്‍ പൊലീസ്‌ കാവലില്‍ തിരുവനന്തപുരം മഹിളാ മന്ദിരത്തിലാണുള്ളത്‌.