ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയം ലെനിനിസ്റ്റ് തത്വങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചതു കൊണ്ടാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചത്. പിണറായിയുടെ നാവില്‍ നിന്നു വന്നതുകൊണ്ടു തന്നെ ‘ലെനിനിസ്റ്റ് തത്വങ്ങള്‍’ ഇപ്പോള്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതാക്കന്‍മാരുടെയും ഇഷ്ടവിഷയമായി മാറിയിരിക്കുകയാണ്.
ഇതേക്കുറിച്ച് ഏറ്റവും രസകരമായ ഒരു പരാമര്‍ശം മുന്‍ സി പി എം എംപിയും ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ യുവ പടത്തലവനുമായ എ പി അബ്ദുള്ളക്കുട്ടി നടത്തിയിരിക്കുന്നു. ‘ലെനിനിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് മാറിയതുകൊണ്ടാണ് സി പി എം തോറ്റതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ കാരണം അതല്ല. ലാവ്‌ലിനിസ്‌റ്റ് കാഴ്‌ചപ്പാട് മുറുകെ പിടിച്ചതുകൊണ്ടാണ് ഇത്തരം ഒരു തിരിച്ചടിയുണ്ടായത്’ - അബ്ദുള്ളക്കുട്ടി പറയുന്നു.
അക്രമം, അഹന്ത, വികസനമില്ലായ്‌മ, ഭരണ വൈകല്യം എന്നിവയാണ് തോല്‍വിയുടെ മറ്റ് കാരണങ്ങള്‍. ഇതൊക്കെ വിലയിരുത്താന്‍ സി പി എം അഞ്ചു ദിവസമാണ് ചര്‍ച്ച നടത്തിയത്. യഥാര്‍ത്ഥത്തില്‍ ഇതൊക്കെ മനസിലാക്കാന്‍ വെറും മൂന്ന് മിനിറ്റ് മതി - അബ്ദുള്ളക്കുട്ടി പറഞ്ഞു.
കെ എസ് യുവിന്‍റെ കണ്ണൂര്‍ ജില്ലാ നേതൃസംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.