ലീഡറും താനും ഗ്രൂപ്പ് ഉണ്ടാക്കുന്നില്ലെന്ന് ചാണ്ടി

Webdunia
വ്യാഴം, 22 ഏപ്രില്‍ 2010 (18:05 IST)
PRO
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനെ താന്‍ കണ്ടത് ഗ്രൂപ്പ് ഉണ്ടാക്കാനല്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഉമ്മന്‍ ചാണ്ടി ഇങ്ങനെ പറഞ്ഞത്.

തന്നെയും കെ കരുണാകരനെയും അറിയുന്ന ആരും അങ്ങനെ കരുതുന്നില്ല. പാര്‍ട്ടി കഴിഞ്ഞു മാത്രമേ ഗ്രൂപ്പ് ഉള്ളൂ എന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരുണാകരന്‍റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനാണ്‌ വീട്ടില്‍ പോയത്‌. ഗ്രൂപ്പുകള്‍ക്ക്‌ അതീതമായി പാര്‍ട്ടി ശക്തിപ്പെടണമെന്നാണ്‌ പ്രവര്‍ത്തകരുടെ വികാരമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രമേശ് ചെന്നിത്തലയുടെ മൌനാനുവാദത്തോടെ വിശാല ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. വരുന്ന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും സംഘടന തെരഞ്ഞെടുപ്പിലും ആധിപത്യം ഉറപ്പിക്കുക എന്ന ലക് ഷ്യത്തോടെയായിരുന്നു വിശാല ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നത്. നിലവില്‍ പ്രതിപക്ഷ നേതാവായിരിക്കുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ കെ പി സി സി അധ്യക്ഷന്‍ വിശാല ഐ ഗ്രൂ‍പ്പുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലായിരുന്നു കരുണാകരനുമായുള്ള കൂടിക്കാഴ്ച. കരുണാകര വിഭാഗം വരും ദിവസങ്ങളില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.