ലീഗിനെതിരെ മുരളി, കൂടെ നിന്ന് പാര പണിയരുത്!

Webdunia
വ്യാഴം, 19 ഏപ്രില്‍ 2012 (15:04 IST)
PRO
PRO
മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം എല്‍ എ വീണ്ടും രംഗത്ത്. യു ഡി എഫില്‍ ചിലര്‍ കൂടെ നിന്ന് പാര പണിയുകയാണെന്ന് മുസ്ലീം ലീഗിനെ ഉദ്ദേശിച്ചുകൊണ്ട് മുരളീധരന്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത്‌ വരുമ്പോള്‍ ഒറ്റക്കെട്ടാണെന്ന് പറയുന്നവര്‍ സ്വന്തം ജില്ലകളില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസിന് എതിരെ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

യുവജന സംഘടനകളെ ഉപയോഗിച്ച്‌ തനിക്കും ആര്യാടനുമെതിരെ പ്രകടനം നടത്തുകയും അശ്ലീലം പ്രചരിപ്പിക്കുകയുമാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. ഒരു മതത്തിന്റെയും സമുദായത്തിന്റെയും അധികാരം ഒരു രാഷ്ര്‌ടീയ പാര്‍ട്ടിക്കും തീറെഴുതി നല്‍കിയിട്ടില്ല. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ ചിലര്‍ക്ക്‌ അനര്‍ഹമായതു നല്‍കിയിരിക്കുകയാണ്‌. ഇതുമൂലം സാമുദായിക സംഘര്‍ഷം വളരുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

ഇങ്ങനെ പോയാല്‍ സംസ്‌ഥാന പ്രസിഡന്റിന്റെ മുന്നില്‍ അഖിലേന്ത്യാ പ്രസിഡന്റിന്‌ മടിക്കുത്ത് അഴിക്കേണ്ടിവരുന്ന പാര്‍ട്ടിയാണെന്നതു പോലുള്ള കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരും. തല്‍ക്കാലം അതൊന്നും പറയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.