കലാപം രൂക്ഷമായ ലിബിയയില്‍ നിന്ന് മടങ്ങിയെത്തിയ മലയാളികള്‍ക്ക് മുംബൈ വിമാനത്താവളത്തില്‍ അവഗണന. ലിബിയയില്‍ നിന്ന് മുംബൈയില്‍ എത്തിച്ച ശേഷം അവിടെ നിന്ന് ട്രെയിനില്‍ നാട്ടിലേക്ക് പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത് വിമാനത്താവളത്തില്‍ പ്രതിഷേധ രംഗങ്ങള്‍ അരങ്ങേറുന്നതിനു കാരണമായി.
ലിബിയയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സമ്പാദ്യമെല്ലാം വിട്ടെറിഞ്ഞ് വന്ന തങ്ങളെ എത്രയും പെട്ടെന്ന് വിമാന മാര്‍ഗം നാട്ടിലെത്തിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് 48 മലയാളികള്‍ വിമാനത്താവളത്തില്‍ ധര്‍ണ്ണ നടത്തി. യാത്രാച്ചെലവിന് 2000 രൂപ വീതം നല്‍കിയ അധികൃതര്‍ മലയാളികളോട് ട്രെയിന്‍ മാര്‍ഗ്ഗം നാട്ടിലേക്ക് പോകാനാണ് നിര്‍ദ്ദേശം നല്‍കിയെങ്കിലും സമയ ദൈര്‍ഘ്യമുള്ള ഒരു യാത്രയ്ക്ക് കൂടി തയ്യാറല്ല എന്ന നിലപാടിലാണിവര്‍.
പ്രക്ഷോഭത്തിന്റെ ആദ്യ നാളുകളില്‍ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുകയാണ് എന്ന വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ വായു മാര്‍ഗവും കടല്‍ മാര്‍ഗവുമായി പ്രതിദിനം 1000 ഇന്ത്യക്കാരെ വീതം നാട്ടിലെത്തിക്കാന്‍ സാധിക്കുന്നുണ്ട്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.