ലാ‌വ്‌ലിന്‍: വീഴ്ച ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു

Webdunia
ചൊവ്വ, 17 ഫെബ്രുവരി 2009 (12:09 IST)
ലാവ്‌ലിന്‍ കരാറില്‍ 86 കോടി രൂപ മലബാര്‍ കാന്‍സര്‍ സെന്‍ററിന്‌ നഷ്ടമായത്‌ അന്നത്തെ സര്‍ക്കാരിന്‌ സംഭവിച്ച വീഴ്‌ചയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി‌. മന്ത്രിമാര്‍ തന്നെ ഇക്കാര്യം അന്ന്‌ തുറന്ന്‌ സമ്മതിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അടിയന്തിരപ്രമേയത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ സഭയില്‍ നിന്നിറങ്ങിപ്പോയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ പിന്നെന്തുകൊണ്ട്‌ നിയമസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ നടന്ന്‌ പ്രസംഗിക്കുന്നതിനെക്കാള്‍ നല്ലത്‌ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതാണ്.

രാഷ്ട്രീയപ്രേരിതമായ കേസാണ്‌ ഇതെന്നാണ് ഭരണപക്ഷം പറയുന്നത്. അങ്ങിനെയെങ്കില്‍ അക്കാര്യം സഭയില്‍ ചര്‍ച്ച ചെയ്യാമെന്നിരിക്കെ പ്രോസിക്യൂഷന്‍ തീരുമാനത്തില്‍ മാത്രം പിടിച്ചു നി‌ല്‍‌ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.