ലാവ്‌ലിന്‍ ബി ജെ പി ആയുധമാക്കും: വെങ്കയ്യ നായിഡു

Webdunia
ശനി, 7 മാര്‍ച്ച് 2009 (15:24 IST)
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ലാവ്‌ലിന്‍ അഴിമതി കേസ് ബി ജെ പി പ്രചാരണ ആയുധമാക്കുമെന്ന് ദേശീയ നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു. കേരളത്തില്‍ ബി ജെ പി എത്ര സീറ്റില്‍ മത്സരിക്കണം എന്നു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത്, ബി ജെ പിയുടെ ലോക്സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതിന് വേണ്ടി ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമാണ്. അഴിമതിയും ന്യൂനപക്ഷ പ്രീണനവും മാത്രമാണ്‌ സര്‍ക്കാര്‍ നടത്തുന്നത്‌. തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനോ, വിലക്കയറ്റം തടയാനോ സര്‍ക്കാരിന്‌ കഴിഞ്ഞില്ല. മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിച്ചില്ല. ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഒറ്റിക്കൊടുത്തു.

കര്‍ഷകര്‍ക്ക് യാതൊരു പരിഗണനയും കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയില്ല. അതുകൊണ്ട് തന്നെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ബി ജെ പിയിലും, അദ്വാനിയിലുമാണ്. അദ്വാനിയെ അംഗീകരിക്കുന ആരുമായും ഈ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ബി ജെ പി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എല്‍ ഡി എഫും യു ഡി എഫും വ്യത്യസ്‌തമല്ല. സിംഗൂര്‍ പ്രശ്‌നം ബംഗാളിലെ സി പി എമ്മിന്‍റെ യഥാര്‍ത്ഥ നിലപാടാണ് വ്യക്‌തമാക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനില്ലെന്ന്‌ പറയാന്‍ ഇടതുകക്ഷികളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ ഭരണംകൊണ്ട്‌ രാജ്യത്ത്‌ ദാരിദ്ര്യമുണ്ടായി. സ്ലംഡോഗ്‌ മില്യണയര്‍ എന്ന സിനിമയുമുണ്ടായി. ഇന്ത്യക്ക്‌ ഓസ്‌കറും ലഭിച്ചു. മദ്യ നിരോധനത്തിനു വേണ്ടി നിലകൊണ്ട മഹാത്മാഗാന്ധിയുടെ സ്വകാര്യ വസ്‌തുക്കള്‍ സ്വന്തമാക്കാന്‍ മദ്യരാജാവിനെ തന്നെ കോണ്‍ഗ്രസ്‌ നിയോഗിച്ചുവെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.