ലാവ്‌ലിന്‍: പ്രതിപക്ഷം ഗവര്‍ണറെ കാണും

Webdunia
വെള്ളി, 27 മാര്‍ച്ച് 2009 (10:18 IST)
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകിക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് ഉമ്മന്‍‌ചാണ്ടി ഇന്ന് ഗവര്‍ണറെ കാണും. യു ഡി എഫ് നേതാക്കള്‍ക്കൊപ്പമാണ് ഉമ്മന്‍‌ചാണ്ടി ഗവര്‍ണറെ കാണാന്‍ എത്തുക. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്കാണ് യു ഡി എഫ് നേതാക്കള്‍ ഗവര്‍ണറെ കാണുകയെന്ന് അറിവായിട്ടുണ്ട്.

എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ കൂടുതല്‍ രേഖകള്‍ നല്‍കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിനോട് അവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ആദ്യം നല്‍കിയ രേഖകള്‍ മതിയാകില്ല എന്നതിനാല്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് എ ജി ആഭ്യന്തരവകുപ്പിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതോടെ ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഇനിയും വൈകുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം ഗവര്‍ണറെ കാണുന്നത്.

ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒന്‍പതാം പ്രതിയാണ്. ഇക്കാരണത്താല്‍ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു.

വൈദ്യുത വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, മുന്‍ ബോര്‍ഡ് ചെയര്‍മാനുമായ കെ മോഹനചന്ദ്രന്‍ ആണ് കേസിലെ ഒന്നാം പ്രതി.