ലാവ്‌ലിന്‍: പിബിക്കെതിരായ ഹര്‍ജി തള്ളി

Webdunia
തിങ്കള്‍, 20 ജൂലൈ 2009 (11:28 IST)
ലാവ്‌ലിന്‍ കേസില്‍ സി പി എം നേതൃത്വത്തിന്‍റെ നിലപാട് കോടതിയലക്‌ഷ്യമാണെന്ന് ചുണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സി ബി ഐ പ്രത്യേക കോടതി തള്ളി. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന പോളിറ്റ് ബ്യുറോയുടെ കണ്ടെത്തല്‍ കോടതിയലക്‌ഷ്യമാണെന്ന് കാണിച്ചുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്.

ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍ ആയിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്‌. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കോടതി ഇവര്‍ക്ക് സമന്‍സ് അയയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പിബിയുടെ നിലപാട് കോടതിയലക്‌ഷ്യമാണെന്ന് കാണിച്ചാണ് നന്ദകുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, ത്രിപുര മുഖ്യമന്ത്രി മണിക്‌ സര്‍ക്കാര്‍, ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ, സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ തുടങ്ങിയവര്‍ക്കെതിരെ കോടതിയലക്‌ഷ്യ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.