ലാവ്‌ലിന്‍: പിണറായിയുടെ ഹര്‍ജി തള്ളി

Webdunia
തിങ്കള്‍, 4 ജനുവരി 2010 (11:36 IST)
PRO
PRO
ലാവ്‌ലിന്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി എ കെ ആന്‍റണിയെ സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ സി ബി ഐ പ്രത്യേക കോടതിയില്‍ നല്‌കിയ ഹര്‍ജി തള്ളി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ജ്യോതീന്ദ്രനാഥ് പറഞ്ഞു.

പിണറായിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു കോടതി അറിയിച്ചു. മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയന്‍റെ പങ്ക് അന്വേഷിക്കണമെന്നതുള്‍പ്പെടെ പതിനെട്ട് ആവശ്യങ്ങളായിരുന്നു പിണറായി ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

കേസില്‍ പ്രതിയായ ആള്‍ക്ക് ഇത്തരത്തില്‍ വാദം ഉന്നയിക്കാന്‍ അവകാശമില്ലെന്ന് സി ബി ഐ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. കേസില്‍ ആരെയൊക്കെ പ്രതിചേര്‍ക്കണം, സാക്ഷികളാക്കണം എന്ന് തീരുമാനിക്കുന്നത് അന്വേഷണ ഏജന്‍സിയാണ്. ഈ സാഹചര്യത്തില്‍ പിണറായിയുടെ ഹര്‍ജി തള്ളണമെന്നും സി ബി ഐ ആവശ്യപ്പെട്ടിരുന്നു.

പിണറായിയുടെ ഹര്‍ജി തള്ളിയതോടെ സി ബി ഐക്ക് അനുകൂലമായ നടപടിയാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 30നാണ് ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കോടതി ജാമ്യം അനുവദിച്ചത്.