ലാന്‍റ്‌മാഫിയ ചാവക്കാ‍ട്ട് ഭൂമി വാങ്ങിക്കൂട്ടുന്നു

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2007 (14:57 IST)
തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറത്ത് ലാന്‍റ് മാഫിയ വന്‍‌തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. ചാവക്കാട്ട് വരാന്‍ പോകുന്ന മിനി തുറമുഖമാണ് ലാന്‍റ് മാഫിയയെ ഇവിടം ശ്രദ്ധാകേന്ദ്രമാക്കിയത്.

ഭൂമി വാങ്ങിക്കൂട്ടുന്നവരില്‍ ഏറെയും അന്യസംസ്ഥാനക്കാരും വിദേശികളുമാണെന്ന് നാട്ടുകാര്‍ പറയുന്നു. ചേറ്റുവ പുഴ കടലില്‍ ചേരുന്ന ചാവക്കാട് അഴിമുഖത്ത് 500 ഏക്കറോളം ഭൂമിയാണ് ലാന്‍റ് മാഫിയ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്.

വാങ്ങുന്നയാളും വില്‍ക്കുന്നയാളും ആധാരത്തില്‍ ഫോട്ടോ പതിക്കണമെന്ന നിബന്ധന വരുന്നതിന് മുമ്പാണ് ഈ ഭൂമി കച്ചവടങ്ങള്‍ നടന്നിട്ടുള്ളത്. ഭൂമി വാങ്ങിയവര്‍ തൃശൂര്‍ ജില്ലയില്‍ തന്നെയുള്ളവരാണെങ്കിലും ഇവരുടെ പിന്നില്‍ വിദേശികള്‍ ഉള്‍പ്പടെയുള്ള വന്‍ സംഘങ്ങള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ചാവക്കാട്ടെ മിനി തുറമുഖ പദ്ധതി കേന്ദ്രാനുമതി കാത്തിരിക്കുകയാണ്. അനുമതി കിട്ടിക്കഴിഞ്ഞല്‍ ഉടന്‍ തന്നെ തുറമുഖ നിര്‍മ്മാണം തുടങ്ങും. ഈയൊരു കാരണത്താലാണ് ചാവക്കാട്ട് കടപ്പുറത്ത് ലാന്‍റ് മാഫിയ ഭൂമി വാങ്ങിക്കൂട്ടുന്നതെന്ന അനുമാനത്തിലാണ് നാട്ടുകാര്‍.