സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കായി സംസ്ഥാന സര്‍ക്കര്‍ 431 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ റോഡുകള്‍ പൂര്‍ണമായും മികച്ചതാക്കി മാറ്റാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ പദ്ധതിക്കും തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മാസം കൊണ്ട് തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതിനു പുറമെ അവശ്യസാധനങ്ങളുടെ കൃത്രിമവിലക്കയറ്റം തടയാന്‍ വിപണി ഇടപെടല്‍ നയത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇടുക്കിയില്‍ കാലവര്‍ഷക്കെടുതികളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.