കൊലക്കേസ് പ്രതി റിപ്പര്‍ ജയാനന്ദനൊപ്പം പൂജപ്പുര ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതി ഊപ്പ പ്രകാശിനെ അറസ്റ്റു ചെയ്തു. കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ നിന്നാണ് പ്രകാശിനെ പിടികൂടിയത്. റിപ്പറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ജൂണ്‍ ഒന്‍പതിന് രാത്രിയാണ് റിപ്പറും പ്രകാശനും ജയില്‍ചാട്ടം നടത്തിയത്. പ്രത്യേക സെല്ലില്‍ ആയിരുന്ന ജയാനന്ദന്‍ പൂട്ട് പൊളിച്ച ശേഷം മതില്‍ചാടി രക്ഷപെടുകയായിരുന്നു. എന്നാല്‍ മറ്റൊരു സെല്ലില്‍ ആയിരുന്ന പ്രകാശന്‍ ജയില്‍ ചാടിയത് എങ്ങനെയെന്ന് വ്യക്തമല്ല. രാവിലെ ആറ് മണിക്ക് ജയില്‍ അധികൃതര്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തടവുകാര്‍ രക്ഷപ്പെട്ട വിവരം അറിഞ്ഞത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മുമ്പ് ജയില്‍ചാടിയതിനെ തുടര്‍ന്നാണ് ജയാനന്ദനെ പൂജപ്പുരയിലേക്ക് മാറ്റിയത്. ഏഴു കൊലപാതകക്കേസുകളില്‍ പ്രതിയായ മാള സ്വദേശി ജയാനന്ദന്‍ കണ്ണൂര്‍ ജയിലില്‍ നിന്ന് തടവുചാടിയപ്പോള്‍ ഊട്ടിയില്‍ വച്ചാണ് പിടിക്കപ്പെട്ടത്. വിയ്യൂര്‍ ജയിലില്‍ പാര്‍പ്പിച്ചപ്പോഴും ഇയാള്‍ ജയില്‍ ചാട്ടത്തിന് ശ്രമിച്ചിരുന്നു.