റഹീമിന്റെ പത്രിക സ്വീകരിച്ചു, സ്കറിയ തോമസ് സ്വതന്ത്രനാകും

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2011 (16:56 IST)
എറണാകുളം ജില്ലയിലെ കോതമംഗലം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സ്കറിയ തോമസിന്റെ നാമനിര്‍ദ്ദേശപത്രിക തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി. സ്കറിയ തോമസിന്റെ നാമനിര്‍ദ്ദേശപത്രികയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പി സി തോമസ്‌ വിഭാഗത്തിന്‌ നല്‍കിയിരിക്കുന്നത്‌ ലയനവിരുദ്ധ വിഭാഗം എന്നായിരുന്നു. ഇതിനാലാണ്‌ കമ്മീഷന്‍ നാമനിര്‍ദ്ദേശപത്രിക തള്ളിയത്‌. അതേസമയം, സ്വതന്ത്രനെന്ന നിലയില്‍ സ്കറിയ തോമസ്‌ സമര്‍പ്പിച്ച നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിച്ചു.

ഇതിനിടെ, കുന്ദമംഗലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ടി എ റഹീമിന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിച്ചു. ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചില്ലെന്ന്‌ കാണിച്ച്‌ എം എസ്‌ എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ ഫിറോസ്‌ നല്‍കിയ പരാതിയിന്‍ മേല്‍ റഹീമിന്റെ പത്രിക സംബന്ധിച്ച തീരുമാനം ഇന്നത്തേക്ക്‌ മാറ്റിവെച്ചിരുന്നു.

ഗുരുവായൂര്‍ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയായിരുന്ന കെ വി അബ്‌ദുള്‍ ഖാദറിന്റെ പത്രിക ഇന്നുരാവിലെ സ്വീകരിച്ചിരുന്നു. അതേസമയം, നാട്ടിക മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചിരുന്ന ദളിത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ എന്‍ കെ സുധീര്‍ പത്രിക പിന്‍വലിച്ചു. നാട്ടിക യു ഡി എഫ്‌ സി എം പിക്ക് നല്‍കിയ സാഹചര്യത്തിലാണ്‌ സുധീര്‍ പത്രിക പിന്‍വലിച്ചത്‌.