റബ്ബര്‍ ഇറക്കുമതി ചുങ്കം: പിന്നോട്ടില്ലെന്ന് ശര്‍മ്മ

Webdunia
ബുധന്‍, 25 ഓഗസ്റ്റ് 2010 (12:43 IST)
PRO
റബ്ബര്‍ ഇറക്കുമതിച്ചുങ്കം കുറച്ച നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രവാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ. കേരളത്തില്‍ നിന്നുള്ള എം പിമാരുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്‍റില്‍ വെച്ചാണ് ആനന്ദ് ശര്‍മ്മ ഇക്കാര്യം അറിയിച്ചത്.

ഇറക്കുമതി തീരുവ 20 ശതമാനത്തില്‍നിന്ന്‌ 7.5 ശതമാനമായി കുറച്ചത്‌ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണെന്നും ശര്‍മ വിശദീകരിച്ചു. സാധാരണക്കാരായ കര്‍ഷകരെ തീരുമാനം ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റബര്‍ ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള തീരുമാനം എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പുനഃപ്പരിശോധിക്കുമെന്നും മന്ത്രി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ആഭ്യന്തര വിപണിയില്‍ വില വളരെ കുറയുന്നതായി കണ്ടാല്‍ ഉടന്‍ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തുമെന്നും ഇപ്പോള്‍ രാജ്യത്തിനുള്ളിലെ വില രാജ്യാന്തര വിപണിയിലെ വിലയേക്കാള്‍ 30 ശതമാനം കൂടുതലാണെന്നും അദ്ദേഹം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.