ചെറുമകന്‍ രാഹുല്‍ ഈശ്വറിനെ പരികര്‍മിയാക്കണമെന്ന ആവശ്യം തത്കാലം പരിഗണിക്കേണ്ടതില്ലെന്ന് തന്ത്രി കണ്ഠരര് മഹേശ്വരര്. ഇക്കാര്യം ആവശ്യപ്പെട്ട് തന്ത്രി ഹൈക്കോടതിക്ക് കത്തയച്ചു. രാഹുലിനെ പരികര്‍മിയാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ അദ്ദേഹം ഹൈക്കോടതിക്ക് കത്തയച്ചിരുന്നു. ഈ കത്ത് ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ ആവശ്യം അറിയിച്ച് കത്തയച്ചത്.
ശബരിമല നടയടക്കാന്‍ രണ്ടാഴ്ചയെ ബാക്കിയുള്ളു. ഈ സാഹചര്യത്തില്‍ വിവാദങ്ങളില്‍ ഇടപെടാന്‍ തത്പര്യമില്ല. ഇക്കാരണത്താലാണ് നേരത്തെ അയച്ച കത്ത് പരിഗണിക്കേണ്ടതില്ല എന്നാവശ്യപ്പെട്ട് വീണ്ടും കത്തയച്ചതെന്ന് തന്ത്രി വ്യക്തമാക്കി. തന്റെ പേരിലുണ്ടായ വിവാദങ്ങളും തെറ്റിദ്ധാരണകളും തിരുത്തേണ്ടത് തന്റെ കടമയാണ്. അരനൂറ്റാണ്ടോളമായി ഭഗവാനെ പൂജിച്ചു കഴിയുന്ന താന്‍ രാഹുലിനെ പരികര്‍മിയാക്കണമെന്ന ആവശ്യപ്പെട്ടതിലൂടെ ആചാരങ്ങളില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപിക്കുന്നതെന്നും ഇക്കാര്യത്തില്‍ അങ്ങേ അറ്റം വിഷമമുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
തന്ത്രിയോടൊപ്പം രാഹുല്‍ ഈശ്വര്‍ പരികര്‍മിയായി ശബരിമല ശ്രീകോവിലില്‍ പ്രവേശിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വിലക്കിയിരുന്നു. രാഹുലിന് ശ്രീകോവിലില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം. ഇതിനെതിരെയായിരുന്നു തന്ത്രി ഹൈക്കോടതിക്ക് കത്തയച്ചത്. തന്ത്രിയുടെ മകളുടെ മകനാണ് രാഹുല്‍ ഈശ്വര്‍.