രാജേഷ് ആര്യയുടെ വീട്ടിലെത്തിയത് പീഡിപ്പിക്കാന്‍

Webdunia
വ്യാഴം, 15 മാര്‍ച്ച് 2012 (05:27 IST)
PRO
PRO
ആര്യ എന്ന പത്താംക്ലാസുകാരിയെ കൊലപ്പെടുത്തിയ രാജേഷ് ആര്യയുടെ വീട്ടില്‍ എത്തിയത് പീഡിപ്പിക്കാന്‍. പീഡന ശ്രമത്തിനിടെയാണ് ആര്യകൊല്ലപ്പെട്ടത്. രാജേഷിന്റെ ഓട്ടൊ ആര്യയുടെ വീടിന് മുന്നില്‍ വച്ച് കേടായിരുന്നു. ഓട്ടോ നന്നാക്കുന്നതിനിടെയാണ് രാജേഷ് ആര്യയേയും കൂട്ടുകാരിയേയും കണ്ടത്. ഓട്ടോ ഒന്ന് തള്ളിത്തരാന്‍ രാജേഷ് ആര്യയുടെ സഹായം തേടി. ഈ സമയത്തിനുള്ളില്‍ രാജേഷ് ആര്യയുമായി സൌഹൃദത്തിലാകുകയായിരുന്നു.

ആര്യയുടെ വീട്ടില്‍ സ്ക്രൂ ഡ്രൈവര്‍ വാങ്ങാന്‍ കയറിയ രാജേഷ് വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി വീണ്ടും വീട്ടില്‍ എത്തുകയായിരുന്നു. ആര്യയെ പീഡിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ വീട്ടില്‍ എത്തിയത്. തനിക്ക് വഴങ്ങിയില്ലെങ്കില്‍ ബലാത്കാരം ചെയ്യാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആര്യയെ സമീപിച്ചു. ആര്യ ഒച്ചവച്ച് ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ തോര്‍ത്തു ഉപയോഗിച്ച് കഴുത്തിന് മുറുക്കി കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പീഡന ശ്രമം ഉപേക്ഷിച്ച് ആര്യയുടെ കഴുത്തിലെ മാല മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു.

മോഷ്ടിച്ച മാലയുമായി രാജേഷ് ഓട്ടോയില്‍ വട്ടപ്പാറയില്‍ അരുണ്‍കുമാര്‍ എന്ന വ്യാജപേരിലും അഡ്രസിലും സ്വര്‍ണം പണയംവെച്ചു. കിട്ടിയ പണവുമായി ആദ്യം വേറ്റിനാട് താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തി. സഹോദരീഭര്‍ത്താവിന് കൊടുക്കാനുണ്ടായിരുന്ന 60,000 രൂപയില്‍ 15,000 രൂപ രാജേഷ് കൊടുത്തു.

അതുകഴിഞ്ഞശേഷം രാജഷ് കാട്ടാക്കടയിലെത്തി 5000 രൂപ സ്വകാര്യ പണമിടപാടുകാരന് കൊടുത്തു. ബാക്കിയുണ്ടായിരുന്ന പണം ഓട്ടോ ഉടമയ്ക്ക് കൊടുക്കാനുണ്ടായിരുന്ന തുകയായി കടംവീട്ടുകയും ചെയ്തു.

രാജേഷിനെ ആര്യയുടെ വീട്ടില്‍ തെളിവെടുപ്പിന്‌ എത്തിച്ചപ്പോള്‍ സ്‌ത്രീകളടക്കമുള്ള നാട്ടുകാര്‍ പൊലീസ്‌ വാഹനത്തിനുനേരെ കല്ലെറിഞ്ഞു. വിവാഹിതനും മുന്നൂ വയസ്സുളള കുട്ടിയുടെ പിതാവുമാണ്‌ രാജേഷ്.