രാജിവച്ചാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് ഉമ്മന്‍‌ചാണ്ടിക്ക് അറിയാം: കോടിയേരി

Webdunia
ശനി, 29 മാര്‍ച്ച് 2014 (13:57 IST)
PRO
PRO
മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് ഉമ്മന്‍ചാണ്ടി രാജിവയ്ക്കാത്തതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. രാജിവച്ചാല്‍ ഒരു മാസത്തിനുള്ളില്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് ഉമ്മന്‍ചാണ്ടിക്ക് ഉറപ്പുണ്ട്. അതിനാല്‍ എത്ര സമ്മര്‍ദമുണ്ടായാലും അദ്ദേഹം രാജിവയ്ക്കില്ലെന്ന് തങ്ങള്‍ക്കറിയാമെന്നും കോടിയേരി പറഞ്ഞു.

തന്റെ വാദം ഹൈക്കോടതി കേട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കാനാണ്.
അഡ്വ. ജനറല്‍ വഴി മുഖ്യമന്ത്രിക്ക് പറയാനുള്ളത് കോടതിയെ ബോധിപ്പിക്കാനുള്ള അവസരം വിനിയോഗിച്ചില്ല. എല്‍ഡിഎഫ് ഭരണകാലത്ത് ഇത്തരത്തില്‍ ഒരു പരാതി ഉണ്ടായിരുന്നെങ്കില്‍ അതിന്റെ ഫയല്‍ കോടതിയില്‍ ഹാജരാക്കാന്‍ മുഖ്യമന്ത്രി തന്റേടം കാട്ടണം. തന്നേയും പ്രതി ചേര്‍ക്കട്ടെയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാര്‍ക്കിടയിലും മുന്നണിയിലും മുഖ്യമന്ത്രിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് അധികാരത്തില്‍ തുടരാനുള്ള തന്ത്രത്തിന്റെ ഭാഗമായാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.