അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കൊല്ലത്ത് രഷ്‌ട്രീയസംഘട്ടനത്തില്‍ പരിക്കേറ്റ് യൂത്ത് കോണ്‍ഗ്രസുകാരന്‍ മരിച്ചതിനെ സംബന്ധിച്ച് ഉള്ള പ്രമേയത്തിനു സ്‌പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
ഞായറാഴ്ചയായിരുന്നു ഡി വൈ എഫ് ഐ - യൂത്ത് കോണ്‍ഗ്രസ് സംഘട്ടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനൂപ് മരിച്ചത്. നവകേരളമാര്‍ച്ചിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അനൂപ് ഉള്‍പ്പടെയുള്ളവര്‍ കളിയാക്കി എന്നതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണം. മര്‍ദ്ദനമേറ്റ അനൂപ് പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു.
ലാവ്‌ലിന്‍ കേസിന്‍റെ ആദ്യ രക്തസാക്ഷിയാണ് അനൂപെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു. ലാവ്‌ലിന്‍ കേസ് തെരുവിലേക്ക് വലിച്ചിഴച്ച് കേരളമാകെ സംഘര്‍ഷഭരിതമാക്കിയ സി പി എമ്മാണ് അനൂപിന്‍റെ മരണത്തിന് ഉത്തരവാദിയെന്നും അണികളെ കയറൂരിവിട്ട് എതിരാളികളെ കൊന്നൊടുക്കുന്ന കണ്ണൂര്‍ മോഡല്‍ കേരളമാകെ വ്യാപിപ്പിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തിയിരുന്നു.