യു ഡി എഫിനെതിരെ ആഞ്ഞടിച്ച് വി എസിന്റെ ആദ്യ പ്രചരണ യോഗം

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2016 (14:00 IST)
യു ഡി എഫ് സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. രാവിലെയോടെ മണ്ഡലത്തില്ലെത്തിയ വി എസിനെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി 2800 ഏക്കര്‍ ഭൂമി മുതലാളിമാര്‍ക്കും സ്വന്തക്കാര്‍ക്കും പതിച്ച് നല്‍കി. സുതാര്യ ഭരണമെന്ന പേരില്‍ ഇതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി എസ് പറഞ്ഞു. മലമ്പുഴയിലെ ആദ്യ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്.
 
അഴിമതിക്കു പുറമെ ചില പ്രത്യേക വിഭാഗക്കാരുടെ വോട്ടുകിട്ടാനുള്ള തന്ത്രവും ഇതിനു പിന്നിലുണ്ട്. മെത്രാന്‍കായല്‍, കോടിമത മൊബിലിറ്റി ഹബ്, കടമക്കുടി നെല്‍പ്പാടം, കരുണ എസ്‌റ്റേറ്റ്, പോബ് പ്ലാന്റേഷന്‍, സന്തോഷ് മാധവന്‍ ഭൂമി ഇടപാട് തുടങ്ങി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഭൂമി ഇടപാടുകള്‍ വി എസ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
 
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും വി എസ് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ബി ജെ പിയുമായി കൂട്ടുകൂടിയത്. പാവപ്പെട്ടവരില്‍ നിന്ന് അഞ്ച് ശതമാനം പലിശ ഈടാക്കേണ്ട സ്ഥാനത്ത് 18 ശതമാനം ഈടാക്കിയാണ് വെള്ളാപ്പള്ളി തട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ വിധി വരുമ്പോള്‍ വെള്ളാപ്പള്ളിക്ക് പൂജപ്പുരയിലേക്കുള്ള വഴി തുറക്കുമെന്ന് വി എസ് പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം