യുവാവിനെ കൈവിലങ്ങിട്ട് പൊലീസ് സ്റ്റേഷനിലെ ഇരുമ്പ് കസേരയില്‍ ഏഴ് മണിക്കൂര്‍ പൂട്ടിയിട്ടതായി പരാതി. സീതത്തോട് വല്യത്തില്‍ വി ഒ ലൂക്കോസിന്റെ മകന്‍ രാജു ലൂക്കോസിനെയാണ് പൂട്ടിയിട്ടത്. വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തില്‍ ഡി ജി പിക്ക് പരാതി നല്‍കി.
രാജു ലൂക്കോസ് ബൈക്കില്‍ പോകുമ്പോള്‍ പൊലീസ് കൈകാണിച്ചിരുന്നു. എന്നാല്‍ ബൈക്ക് നിര്‍ത്താതെ പോയതിനേത്തുടര്‍ന്ന് പൊലീസ് വീട്ടില്‍ ചെന്ന് രാജുവിന്റെ ബൈക്ക് പെട്ടിയോട്ടോയില്‍ കയറ്റിക്കൊണ്ടുപോയിരുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് രാജു സ്റ്റേഷനിലെത്തിയത്. എന്നാല്‍ വണ്ടികൊണ്ടുവന്ന എഎസ്ഐ സ്ഥലത്തില്ലെന്നും പിറ്റേദിവസം രണ്ടു ജാമ്യക്കാരുമായി സ്റ്റേഷനിലെത്തണമെന്നും സ്റ്റേഷനില്‍ നിന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ രാജു ജാമ്യക്കാരുമായി സ്റ്റേഷനില്‍ എത്തി. ഈ സമയം അവിടെയുണ്ടായിരുന്ന എ എസ് ഐ ആന്റണി അസഭ്യം പറഞ്ഞ് കൈവിലങ്ങിട്ട് സ്റ്റേഷനിലെ ഇരുമ്പു കസേരയില്‍ പൂട്ടിയിടുകയായിരുന്നുവെന്ന് രാജു പരാതിയില്‍ പറയുന്നു.