യുവതിയെ ശല്യം ചെയ്തെന്ന് ആരോപണം: യുവാവിന്റെ വൃഷണസഞ്ചി കീറിമുറിച്ചു

Webdunia
തിങ്കള്‍, 9 ജൂലൈ 2012 (09:14 IST)
PRO
PRO
യുവതിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിന്റെ വൃഷണസഞ്ചി കീറിമുറിച്ചു. കല്ലേപ്പാടം നാനാര്‍പുഴ അച്യുതന്‍കുട്ടിയുടെ മകന്‍ സതീഷി(37)നെയാണ് ഒരു സംഘം അളുകള്‍ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. തന്റെ സുഹൃത്തായിരുന്ന യുവതിക്കു പണം നല്‍കിയിരുന്നുവെന്നും ഇതു തിരിച്ച് ചോദിച്ചതിന് യുവതിയുടെ ഭര്‍ത്താവും സംഘവും ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നെന്നും സതീഷ് പൊലീസിനെ അറിയിച്ചു.

മുഖത്തും ജനനേന്ദ്രിയത്തിനും സാരമായി പരുക്കേറ്റ സതീഷിനെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു‌. അടിയന്തര ശസ്‌ത്രക്രിയ നടത്തിയ സതീഷ്‌ അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ആലുവ സ്വദേശി സ്കോട്ടിയുടെ പേരില്‍ ചേലക്കര പൊലീസ്‌ കേസെടുത്തു.

സതീഷും ആലപ്പുഴ സ്വദേശിയായ യുവതിയും തമ്മില്‍ അടുപ്പത്തില്‍ ആയിരുന്നു. വിദേശത്ത് ഇവര്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ സതീഷ് യുവതിക്ക് 35,000 രൂപ നല്‍കിയിരുന്നു. ഇതിനിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം നടന്നു. ഇതേ തുടര്‍ന്നാണു സതീഷ്‌ പണം തിരികെ ചോദിച്ചത്‌. എന്നാല്‍ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നു സതീഷ് യുവതിയുടെ ഭര്‍തൃഗൃഹത്തില്‍ നേരിട്ടെത്തി പണം ആവശ്യപ്പെട്ടു. ബന്ധുക്കളും മറ്റും ചേര്‍ന്ന്‌ അനുനയിപ്പിച്ചതിനെ തുടര്‍ന്നു സതീഷ്‌ മടങ്ങുകയായിരുന്നു.

ഞായറാഴ്ച രാവിലെ പത്തരയോടെ സതീഷിന്റെ വീട്ടില്‍ എത്തിയ യുവതിയുടെ ഭര്‍ത്താവും സംഘവും സതീഷിനെ ആക്രമിക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. പനിബാധിതനായി വിശ്രമിക്കുന്ന സതീഷിനെ അടിച്ചു വീഴ്ത്തിയ സംഘം ജനനേന്ദ്രിയത്തില്‍ ബ്ലേഡ്‌ കൊണ്ടു മുറിക്കുകയായിരുന്നു. ബന്ധുവീട്ടില്‍ പോയ അച്ഛന്‍ തിരിച്ചെത്തിയപ്പോഴാണ്‌ അക്രമം നടന്ന വിവരമറിയുന്നത്‌. രക്‌തം വാര്‍ന്നു കിടന്ന സതീഷിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.