യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്ന കാര്യം വലിയ ബുദ്ധിമുട്ടാണെന്ന് പിസി ജോര്‍ജ്

Webdunia
ശനി, 10 ഓഗസ്റ്റ് 2013 (18:08 IST)
PRO
PRO
യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്ന കാര്യം വലിയ ബുദ്ധിമുട്ടാണെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്. ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനോട് യോജിപ്പില്ലെണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ തീരുമാനം പോലെയായിരിക്കും സര്‍ക്കാരിന്റെ മുന്നോട്ടുള്ള കാര്യങ്ങളെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തറുടെ കൊള്ളയെ കുറിച്ച് സിബിഐ അന്വേഷണം നടത്തണം.

സാമ്പത്തിക ഉപദേഷ്ടാവെന്ന നിലയില്‍ 16 തവണ മേത്തര്‍ വിദേശയാത്ര നടത്തി. ഇതില്‍ ഒന്നുപോലും കേരളത്തിനു വേണ്ടിയായിരുന്നില്ല. നാല് വിദേശ ബാങ്ക് അക്കൌണ്ടുകളുണ്ട്. ഇതില്‍ മൂന്നെണ്ണം യുഎസിലെ ബാങ്ക് ഓഫ് അമേരിക്കയിലും ഒരെണ്ണം ബ്രിട്ടനിലെ നാറ്റ്വെസ്റ്റ് ബാങ്കിലുമാണ്. പ്രസംഗിച്ചു കിട്ടുന്ന പണം നിക്ഷേപിക്കാനാണ് ഈ അക്കൌണ്ടുകളാണെന്നാണ് ഇതിനു നല്‍കിയിട്ടുള്ള മറുപടി. ഇയാളുടെ പ്രസംഗം ആരെങ്കിലും കേട്ടിട്ടുണ്ടോ - ജോര്‍ജ് ചോദിച്ചു.

108 ആംബുലന്‍സ് ഇടപാടില്‍ വമ്പന്‍ അഴിമതിയാണ് നടന്നത്. ഇതില്‍ മേത്തര്‍ക്കും കുടുംബത്തിനും 25 ശതമാനം ഓഹരിയുണ്ട്. ഈയിനത്തില്‍ വാടകയായി വര്‍ഷംതോറും കോടിക്കണക്കിനു രൂപയാണ് മുടക്കംകൂടാതെ ലഭിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയെ കബളിപ്പിച്ചാണ് മേത്തര്‍ സര്‍ക്കാരിന്റെ കാശ് അടിച്ചുകൊണ്ടുപോകുന്നത്.

ഈ ഷാഫിമേത്തര്‍ എങ്ങനൈ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി എന്നാലോചിക്കേണ്ടതുണ്ട്. 2006 ല്‍ മുഖ്യമന്ത്രി ലാവോസിലെ മഞ്ഞില്‍ കാലുതെറ്റി വീണപ്പോള്‍ ഇയാളും ഒപ്പമുണ്ടായിരുന്നു. ഇയാള്‍ പിന്നില്‍ നിന്നും തള്ളിയിട്ടതാണോ. കോണ്‍ഗ്രസും ലീഗും പത്രത്തിലൂടെ തമ്മിലടി നടത്തുന്നതൊക്കെ ചവറുകേസാണ്. വീക്ഷണത്തിന് പത്തുമുപ്പതു ലക്ഷം കോപ്പിയുള്ളതുകൊണ്ട് ഇതെല്ലാം വായിച്ചു ജനം വലയുകയല്ലേ

ബ്രിട്ടീഷ് സാമ്രാജ്യത്തെ ജനകീയ സമരങ്ങളിലൂടെ കെട്ടുകെട്ടിച്ച ചരിത്രമാണ് ഈ നാടിനുള്ളത്. ഇവിടെ പ്രതിഷേധിക്കുവാന്‍ ആര്‍ക്കും അവകാശമുണ്ട്. അതിനെയെല്ലാം ചോരയില്‍ മുക്കിക്കൊല്ലാന്‍ തീരുമാനിക്കുന്നത് ശരിയല്ല. ഭീഷണയുടെ സ്വരവും നല്ലതല്ല. തിരുവനന്തപുരത്ത് പട്ടാളം വന്നിറങ്ങിയത് നാണക്കേടാണ്. ഇന്ത്യയും പാക്കിസ്ഥാനുമായി യുദ്ധമൊന്നുമല്ലല്ലോ നടക്കുന്നത്. ഇത് ഫാസിസത്തിനപ്പുറമുള്ള ഒരു വിവരക്കേടായാണ് ഞാന്‍ കരുതുന്നത്.

രാജി വയ്ക്കണമെന്നാണ് എന്റെ ആഗ്രഹം. രാജി വച്ചാല്‍ പല സത്യങ്ങളും പുറത്തു പറയാന്‍ കഴിയും. പക്ഷേ എന്റെ രാജി എന്നത് എന്റെ സൌകര്യമല്ല. അതിനു പാര്‍ട്ടിയുടെ അനുമതി വേണം.ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികയ്ക്കില്ല എന്നുറപ്പാണ്. കാലാവധി പൂര്‍ത്തിയാക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹത്തിന്റെ തീരുമാനം പോലെയിരിക്കും കാര്യങ്ങള്‍.

എന്റെ ഫോണ്‍ ടാപ്പു ചെയ്യുന്നതില്‍ സന്തോഷം. അതു കേള്‍ക്കുന്ന പൊലീസിനു കുറച്ചെങ്കിലും വിവരം വയ്ക്കുമല്ലോ. തിരുവഞ്ചൂര്‍ രാധാകൃഷ്ണും കുത്തിയിരുന്ന് ഇതു കേള്‍ക്കുന്നുണ്ടോ എന്നു സംശയമുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.