യുഡിഎഫ് ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത

Webdunia
വ്യാഴം, 2 ജനുവരി 2014 (12:19 IST)
PRO
PRO
രക്ഷിക്കാമെന്നേറ്റ യുഡിഎഫ് ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി സരിത എസ് നായര്‍. താന്‍ ഭീഷണി മുഴക്കുകയല്ലെന്നും മടുത്തിട്ടാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

സാമ്പത്തികമായും രാഷ്ട്രീയമായും സരിതയെ മന്ത്രിമാര്‍ ഉപയോഗിച്ചിരുന്നു എന്നും സരിതയുടെ മൊഴി അട്ടിമറിച്ചത് യുഡി‌എഫ് ഉന്നതതാണെന്നും സരിതയുടെ അമ്മ ഇന്ദിര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

സരിത സത്യം പറഞ്ഞിരുന്നെങ്കില്‍ സര്‍ക്കാരിനുതന്നെ ഭീഷണിയായേനെ. മന്ത്രിമാര്‍ രാജിവെയ്ക്കേണ്ടിയും വന്നേനെയെന്നും അതിനാല്‍ സരിതയെ ജയിലില്‍ത്തനെ കിടത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സരിതയുടെ അമ്മ പറഞ്ഞിരുന്നു.

സത്യം മജിസ്‌ട്രേറ്റിനോട് പറയുന്നതില്‍ നിന്ന് സരിതയെ വിലക്കുകയായിരുന്നു. ഇനിയും തന്നെ ജയിലില്‍ തന്നെ ഇടാനാണ് ഭാവമെങ്കില്‍ അവരുടെയെല്ലാം പേരുകള്‍ താന്‍ തുറന്നു പറയും. താന്‍ പേരുകള്‍ പറഞ്ഞിരുന്നെങ്കില്‍ ആദ്യം കുടുങ്ങുക മൂന്ന് മന്ത്രിമാര്‍ തന്നെയായേനെയെന്നും സരിത പറഞ്ഞതായി സരിതയുടെ അമ്മ പറഞ്ഞു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 33 കേസുകളാണ് സരിത എസ് നായര്‍ക്കെതിരെയുളളത്. ഇതില്‍ എട്ടു കേസുകള്‍ ഒത്തുതീര്‍പ്പായി.