യുഡിഎഫിലെ പ്രശ്‌നപരിഹാരം കീറാമുട്ടിയാകുന്നു; ആന്റണി ഇടപെട്ടേക്കും

Webdunia
ശനി, 21 ഡിസം‌ബര്‍ 2013 (16:40 IST)
PRO
PRO
യുഡിഎഫിലെ പ്രശ്‌നപരിഹാരം കീറാമുട്ടിയാകുന്നു. ഘടകക്ഷികളുമായി സംസ്ഥാന നേതൃത്വം നടത്തുന്ന ചര്‍ച്ചകള്‍ ഫലം കാണില്ലെന്ന് വന്നതോടെ എ കെ ആന്റണിയെ ഇടപെടുത്താനാണ് നീക്കം. അതേസമയം സീറ്റ് വിഭജന കാര്യത്തില്‍ മാണിഗ്രൂപ്പും എസ്‌ജെഡിയും സ്വീകരിക്കുന്ന കടുത്ത നിലപാടുകള്‍ ചര്‍ച്ചകള്‍ക്ക് വെല്ലുവിളിയാണ്.

ഘടകകക്ഷികളുമായി ആദ്യം ഉഭയകക്ഷി ചര്‍ച്ചകളും പിന്നീട് മുന്നണിയോഗത്തില്‍ പ്രശ്‌നപരിഹാരവും ഇതായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഫോര്‍മുല. പക്ഷേ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വിവാദങ്ങള്‍ ഒന്നൊഴിയാതെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും വടക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയവും വന്നതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പോലും തള്ളിപ്പറയാന്‍ സംസ്ഥാനത്തെ ഘടകകക്ഷികള്‍ തയ്യാറായി. പ്രശ്‌നപരിഹാരത്തിന് ഇനി ചര്‍ച്ച ഇല്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം നടത്തുന്ന ചര്‍ച്ചകള്‍ക്ക് വലിയ സാധ്യതയില്ല. ഇതോടെയാണ് എ കെ ആന്റണിയെ ഇടപെടീക്കാന്‍ തീരുമാനമായത്.

ഈ മാസം 30ന് കേരളത്തിലെത്തുന്ന എ കെ ആന്റണിയെ ഘടകകക്ഷികളുടെ പ്രശ്‌നത്തില്‍ ഇടപെടീക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കുമെങ്കിലും കോണ്‍ഗ്രസിന്റെ തലവേദനയായ സീറ്റ് വിഭജനത്തില്‍ എ കെ ആന്റണി ഇടപെടില്ലെന്നാണ് സൂചന.