യുഡിഎഫിനെതിരേ പിള്ള; ‘തീരുമാനങ്ങള്‍ എടുക്കുന്നത് അവയ്‌ലബിള്‍ യുഡിഎഫ്‘

Webdunia
ശനി, 8 മാര്‍ച്ച് 2014 (13:07 IST)
PRO
PRO
യുഡിഎഫിനെതിരേ കടുത്ത വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. യുഡിഎഫ് യോഗം എന്ന പേരില്‍ ഒന്നും നടക്കുന്നില്ല. യോഗത്തിന്റെ പേരില്‍ യുഡിഎഫില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് അവയ്‌ലബിള്‍ യുഡിഎഫ് ആണ്. ഉമ്മന്‍ചാണ്ടിയും കുഞ്ഞുമാണിയും കുഞ്ഞാലിക്കുട്ടിയും ചേരുന്നതാണ് അവയ്‌ലബിള്‍ യുഡിഎഫ്.

യുഡിഎഫ് തീരുമാനങ്ങള്‍ തങ്ങളാരും അറിയുന്നില്ല. തങ്ങളെ അവഗണിച്ചതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. ഒന്നു രണ്ടു സീറ്റുകളില്‍ ഫലം നിശ്ചയിക്കാനുള്ള സ്വാധീനം പാര്‍ട്ടിക്കുണ്ട്. ഗണേഷ്‌കുമാറിനോട് യുഡിഎഫ് കടുത്ത വഞ്ചനയാണ് കാണിച്ചതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ മത്സരിച്ച സീറ്റുകളുടെ എണ്ണം നോക്കിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതെങ്കില്‍ ഒരു സീറ്റിന് പാര്‍ട്ടിക്കും അര്‍ഹതയുണ്ട്. കേരള കോണ്‍ഗ്രസ് ലയനത്തോടെ ജോസഫ് ഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ മലയോര കര്‍ഷകരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിയ്ക്കാനാവില്ല. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണമെന്നും ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.