മോഷണം പതിവാക്കിയ വ്യാജ പ്രൊഡ്യൂസര്‍ പിടിയില്‍

Webdunia
വെള്ളി, 29 മാര്‍ച്ച് 2013 (11:48 IST)
PRO
PRO
വീടുകളില്‍ മോഷണം നടത്തിവരുന്ന വ്യാജ പ്രൊഡ്യൂസര്‍ അറസ്റ്റില്‍. എറണാകുളം കോതമംഗലം കീരംപാറ ചെങ്കര ചെങ്കരനിര്‍മന്‍ ധ്യാനകേന്ദ്രത്തിന് സമീപം കൊക്കയില്‍ വീട്ടില്‍ കൊക്കയില്‍ ഷാജിയെന്ന ഷാജിയാണ് (39) പിടിയിലായത്. പ്രശസ്ത ചലച്ചിത്ര നിര്‍മാതാക്കളുടെ സംരംഭങ്ങളില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്നു ഫോണ്‍ചെയ്ത് അറിയിച്ച് വീടുകളിലെത്തി ശ്രദ്ധതിരിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി.

പട്ടം മരപ്പാലം ഗാര്‍ഡന്‍സിലെ ഒരു വീട്ടില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് പിടിയിലായത്. ഈ വീട്ടില്‍ എത്തിയ ഷാജി വീട്ടുകാരുമായി സൌഹൃദത്തില്‍ ആകുകയായിരുന്നു. തുടര്‍ന്ന് 500 രൂപക്ക് ചില്ലറ ആവശ്യപ്പെട്ടു. വീട്ടുകാര്‍ ഇതെടുക്കാന്‍ പോകവെ അവിടെയുണ്ടായിരുന്ന 25,000 ഓളം രൂപയുമായി ഇയാള്‍ മുങ്ങുകയായിരുന്നു.

മുന്‍പ് എറണാകുളം തോപ്പുംപടി സ്റ്റേഷന്‍ പരിധിയിലും ഇയാള്‍ സമാനമായ മോഷണം നടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.