മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്‍റെ ഹര്‍ജി ഇന്ന്

Webdunia
വ്യാഴം, 2 സെപ്‌റ്റംബര്‍ 2010 (10:42 IST)
അന്യസംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ മൊത്ത വിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ആഴ്ചയില്‍ ഒരു നറുക്കെടുപ്പേ പാടുള്ളൂ എന്ന ഹൈക്കോടതി സിംഗിള്‍ബഞ്ച്‌ വിധിക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

സിംഗിള്‍ ബെഞ്ചിനെതിരെയുള്ള ഹര്‍ജി ജസ്റ്റിസ്‌ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആയിരിക്കും ഇന്ന് പരിഗണിക്കുക. സിംഗിള്‍ ബഞ്ച്‌ നിര്‍ദ്ദേശം കേന്ദ്ര ലോട്ടറി നിയമത്തിന്‍റെ ലംഘനമാണെന്ന്‌ ഹര്‍ജിയില്‍ ആരോപിക്കുന്നു.

മുന്‍കൂര്‍ നികുതി വിഷയത്തിലാണ്‌ തങ്ങള്‍ ഹര്‍ജി നല്‍കിയിരുന്നതെന്ന്‌ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ പറയുന്നു. എന്നാല്‍ ഹര്‍ജിക്ക് പുറത്തുള്ള കാര്യങ്ങള്‍ പരിഗണിച്ച കോടതി ഒരു ലോട്ടറിയില്‍ ആഴ്ചയില്‍ ഒരു നറുക്കെടുപ്പും വര്‍ഷത്തില്‍ ആറു ബംബര്‍ നറുക്കെടുപ്പം മതിയെന്ന്‌ ഉത്തരവിടുകയായിരുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.

കേന്ദ്ര നിയമത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട്‌ കോടതി വിശദീകരണം തേടിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഉത്തരവ്‌ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് അപ്പീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.