മൂന്നാര്‍ ഭൂമിവിതരണം ഹൈക്കോടതി തടഞ്ഞു

Webdunia
ബുധന്‍, 25 ഫെബ്രുവരി 2009 (13:09 IST)
മൂന്നാറില്‍ കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് തിങ്കളാഴ്ച വരെ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആക്‌ടിംഗ് ചീഫ് ജസ്‌റ്റീസ് ജെ ബി കോശി ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.

അതേസമയം, കഴിഞ്ഞദിവസം 1044 കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കിയതിന്‍റെ നടപടിക്രമങ്ങള്‍ തുടരാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

‘ഭൂമി പതിച്ചു നല്‍കല്‍ ചട്ടപ്രകാര‘മാണ് പട്ടയം നല്‍കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. നടപടികള്‍ സുതാര്യമാണ്. 1971നു മുന്‍പ് കൈയ്യേറിയ ഭൂമി മാത്രമേ പതിച്ചു നല്‍കുന്നുള്ളൂ എന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

മൂന്നാറിലെ പൊതുതാല്പര്യ സംരക്ഷണ അസോസിയേഷന്‍ സെക്രട്ടറി വി മോഹന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി നടപടി. 1971ലെ കണ്ണന്‍ ദേവന്‍ ഹില്‍സ്‌ റിസംപ്‌ഷന്‍ ഓഫ്‌ ലാന്‍ഡ്‌ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ്‌ ഭൂമി വിതരണത്തിന്‌ നടപടി സ്വീകരിച്ചതെന്നാണ്‌ ഹര്‍ജിയിലെ വാദം.

ഇതനുസരിച്ച്, ഏറ്റെടുത്ത ഭൂമി മാത്രമേ ഇത്തരത്തില്‍ വിതരണം ചെയ്യാന്‍ കഴിയൂ. എന്നാല്‍ പിടിച്ചെടുത്ത ഭൂമിയല്ല ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭൂമി നല്‍കുന്നത് മാനദണ്ഡങ്ങള്‍ ലംഘിച്ചും നിയമവിരുദ്ധമായാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കുകയെന്ന ലക്‍ഷ്യം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് മൂന്നാറില്‍ ഭൂമിവിതരണമേള ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 1044 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഭൂമി വിതരണം ചെയ്യുന്നത്.