മുസ്ലീം വിവാഹപ്രായം കുറയ്ക്കണമെന്ന മതസംഘടനകളുടെ ആവശ്യത്തിനെതിരേ സിപിഎം. വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം സമുദായ നേതാക്കള്‍ മുന്നോട്ടു വന്നതു മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വി എസ് അച്യുതാനന്ദനും ആരോപിച്ചു. ലീഗിന് വിവാഹ പ്രായം പതിനാല് ആക്കിയാലും കുഴപ്പമില്ല. ഇക്കാര്യത്തില്‍ സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ലീഗ് നേതാവായ മായിന്‍ ഹാജിയാണു സമുദായ നേതൃത്വത്തിന്റെ മുന്‍ നിരയിലുള്ളത്. മുസ്ലീം സമുദായത്തിലെ യുവാക്കളുടെ ആവശ്യപ്രകാരമല്ല വിവാഹ പ്രായം കുറയ്ക്കണമെന്നു പറയുന്നത്. ശൈശവ വിവാഹം ഹരമായി കാണുന്ന ഒരു വിഭാഗം അധ:പതിച്ച മുതിര്‍ന്നവരുടെ ആവശ്യപ്രകാരമാണ് നീക്കം. അറബിക്കല്യാണമൊക്കെ നടക്കുന്നത് ഇത്തരക്കാരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നും പിണറായി കുറ്റപ്പെടുത്തി.
സമുദായനേതാക്കളുടെ നീക്കം തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണ്. സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുള്ള ലീഗിന്റെ നീക്കം ലീഗിനു മാത്രമല്ല ആര്‍എസ്എസ്സിനും ഗുണം ചെയ്യും എന്ന് ലീഗിന് അറിയാതെയല്ല. ആര്‍എസ്എസ്സിനു ഗുണം കിട്ടിയാലും വേണ്ടില്ല ലീഗിനുള്ള ഗുണം കൂടണമെന്നു മാത്രമാണ് നേതാക്കളുടെ ചിന്തയെന്നും പിണറായി പറഞ്ഞു.