മുല്ലപ്പെരിയാര്‍: പാര്‍ലമെന്റിനുമുന്നില്‍ ശൂലംകുത്തി സമരം

Webdunia
വ്യാഴം, 17 മെയ് 2012 (09:19 IST)
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം കേരളത്തോട് അവഗണന കാണിക്കുന്നു എന്നാരോപിച്ച് കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ് വെള്ളിയാഴ്ച പാര്‍ലമെന്റിനു മുന്നില്‍ ശൂലംകുത്തി സമരം നടത്തും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് സമരം ഉദ്ഘാടനം ചെയ്യും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍, പ്രശ്‌നത്തിന്റെ നിജസ്ഥിതി ഉന്നതാധികാര സമിതിയ്ക്ക്‌ മുന്നില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞില്ലെന്ന്‌ കഴിഞ്ഞ ദിവസം സീറോ മലബാര്‍ സഭ കുറ്റപ്പെടുത്തിയിരുന്നു. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയ്ക്ക്‌ മുന്നില്‍ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ലെന്നാണ് സഭയുടെ ആരോപണം.

ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാര്‍ സമരം വീണ്ടും ശക്തിപ്പെടുമെന്നാണ് സൂചന. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.