മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വീണ്ടും ആശങ്കകളുമായി കേരളം. മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ നടപടികളില്‍ കേരളത്തിന് ആശങ്കകളുണ്ടെന്ന് ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിനായി എംപവേര്‍ഡ് കമ്മിറ്റിയെ സുപ്രീംകോടതിയാണ് നിയോഗിച്ചത്. എന്നാല്‍, കമ്മിറ്റിയുടെ ഇപ്പോഴത്തെ ചില നടപടികളിലും കമ്മിറ്റിയിലെ അംഗങ്ങളുടെ നിയമനങ്ങളിലും കേരളത്തിന് ആശങ്കയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്രജലകമ്മീഷന്റെ കണ്ടെത്തലുകള്‍ വസ്‌തുതാവിരുദ്ധമാണ്. എംപവേര്‍ഡ് കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുന്ന, കേന്ദ്രസര്‍ക്കാര്‍ നോമിനികളായ സാങ്കേതികവിദഗ്ധര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ ആശങ്കാജനകമാണെന്നും മന്ത്രി ആരോപിച്ചു.
മുല്ലപ്പെരിയാര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ രൂപീകരണം ഏകപക്ഷീയമായിരുന്നെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.