മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ അറസ്‌റ്റിന് സാദ്ധ്യത, ഡോക്ടർമാര്‍ മുൻകൂർ ജാമ്യം തേടി

Webdunia
ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (10:13 IST)
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മരിച്ച സംഭവത്തില്‍ പ്രസ്തുത ദിവസം ജോലിയിലുണ്ടായിരുന്ന ഡോക്ടർമാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ റസിഡന്റ് ഡോക്ടറേയും രണ്ടാം വർഷ പി.ജി വിദ്യാർത്ഥിയേയും പൊലീസ് മണിക്കൂറുകൾ ചോദ്യം ചെയ്തു. 
 
ഇരുവരുടേയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം,​അറസ്റ്റ് ഭയന്ന് ഇരുവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. മുരുകന് ചികിത്സ നിഷേധിച്ചതില്‍ മെഡിക്കൽ കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിതയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 
 
ഗുരുതരാവസ്ഥയിലുളള രോഗികളെ കൊണ്ടുവരുന്ന സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും ജീവൻ നിലനിർത്താനുളള നടപടികൾ പാലിക്കാതെ മുരുകന് ചികിത്സ കിട്ടാതിരിക്കാനുളള നടപടികളാണ് ഡോക്ടർമാർ സ്വീകരിച്ചതെന്നും ഡയറക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു. മുരുകന് ചികിത്സ നിഷേധിച്ച കൊല്ലത്തേയും തിരുവനന്തപുരത്തെയും ആശുപത്രികൾ വലിയ വീഴ്ചയാണ് വരുത്തിയതെന്നും റിപ്പോർട്ടിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article