കണ്ണന്താനത്തിന്റെ പ്രസ്‌താവനയും, സുരഭിക്കെതിരെയുള്ള ആക്ഷേപവും; ബീഫ് വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (18:50 IST)
ഏതുതരം ഭക്ഷണവും കഴിക്കുന്നതിന് നാട്ടുകാർക്കോ വിദേശികൾക്കോ കേരളത്തിൽ ഒരു വിലക്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

ഇന്ത്യയിലേക്കു വരുന്ന വിനോദസഞ്ചാരികൾ സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ടു വരുന്നതാണു നല്ലതെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഓണത്തോടനുബന്ധിച്ച് ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ചതിന് ദേശീയ പുരസ്‌കാര ജേതാവായ സുരഭി ലക്ഷ്മിക്കെതിരെ സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ പുറത്തുവന്നത്.

മുഖ്യമന്ത്രിയുടെ പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ഓണം മറ്റൊരു ആഘോഷമായും താരതമ്യം ചെയ്യാനാകില്ല, കാരണം, അത് മതത്തിനും ജാതിക്കും അതീതമായി നാടിന്റെ ഉത്സവമാണ്. ഓണത്തിന്റെ ഭക്ഷണത്തിനും മലയാളിയുടെ സംസ്കാരത്തില്‍ വലിയ പ്രാധാന്യമുണ്ട്. ആ ഭക്ഷണത്തിലുമുണ്ട് കേരളത്തിന്റെ പ്രാദേശിക വൈവിദ്ധ്യവും സാംസ്കാരികത്തനിമയും. എല്ലായിടത്തും ഇലയിട്ട് സദ്യ വിളമ്പുമ്പോഴും വിഭവങ്ങളിലുണ്ടാവും വലിയ വൈവിദ്ധ്യങ്ങള്‍.

തെക്കന്‍ കേരളത്തില്‍ പൂർണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്ക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂർണമാകില്ല. ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ്‌ ചെയ്തിട്ടുള്ളത്.

ഏതുതരം ഭക്ഷണവും കഴിക്കുന്നതിനും നാട്ടുകാർക്കോ വിദേശികൾക്കോ ഒരു വിലക്കും കേരളത്തിലില്ല. സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് അനുവദിക്കാന്‍ മാത്രം ആധുനികവും മതേതരവും ആയ ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നതില്‍ അഭിമാനിക്കാം. നമ്മുടെ നാടിന്റെ ആ സാംസ്കാരിക സവിശേഷത കാത്തു സൂക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article