എസിപിയും കോണ്‍സ്‌റ്റബിളും ചേര്‍ന്ന് പീഡിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ചു
വനിതാ പൊലീസ് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സഹപ്രവര്‍ത്തകരായ പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർക്കും കോൺസ്റ്റബിളിനുമെതിരെ കേസ്. മഹാരാഷ്ട്രയിൽ താനെയിലെ കമ്മീഷണർ ഓഫീസിലെ കോൺസ്റ്റബിളായ ശുഭാദ്ര പവാറാണ് ഫ്ളാറ്റിൽ തൂങ്ങിമരിച്ചത്.
പ്രതിയായ കോണ്‍സ്‌റ്റബിളും ശുഭാദ്ര പവാറും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ മരിക്കുന്ന ദിവസം വൈകുന്നേരം ഇയാള്‍ ഫ്ലാറ്റില്‍ എത്തുകയും ഏറെനേരം അവിടെ ചെലവഴിക്കുകയും ചെയ്‌തു. സംസാരത്തിനിടെ ഫോണ്‍ വന്നതിനെത്തുടര്‍ന്ന് ഇയാള്‍ പുറത്തിറങ്ങി.
ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് തിരികെ ഫ്ലാറ്റിലെ മുറിയില്‍ എത്തിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ഇവരുടെ മരണത്തിന് കാരണമായതെന്നാണ് സൂചന.
കോൺസ്റ്റബിളും എസിപിയും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് ഇവരുടെ സഹോദരന്‍റെ പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.