മുന്നണിരാഷ്ട്രീയത്തില്‍ എല്ലാവരും വേലിപ്പുറത്താണെന്ന് പികെ കുഞ്ഞാലിക്കുട്ടി

Webdunia
ബുധന്‍, 20 നവം‌ബര്‍ 2013 (21:33 IST)
PRO
PRO
മുന്നണിരാഷ്ട്രീയത്തില്‍ എല്ലാവരും വേലിപ്പുറത്താണെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആരൊക്കെ എവിടെയൊക്കെ ഉണ്ടാകുമെന്ന് അറിയാം. ലീഗിന്റെ സ്റ്റാന്‍ഡില്‍ മാറ്റം വന്നിട്ടില്ല.

ലീഗ് ഇപ്പോഴും യുഡിഎഫില്‍ ഉറച്ചു നില്‍ക്കുന്നു. യു.ഡി.എഫ് ശക്തമായിത്തന്നെയാണ് മുന്നോട്ടു പോകുന്നത്. യുഡിഎഫ് പ്രവര്‍ത്തനത്തെപ്പറ്റി ലീഗ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ഒറ്റച്ചാട്ടം ചാടും എന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം എന്നേയുള്ളൂ.

എല്‍ഡിഎഫിലേയ്ക്കു ലീഗ് പോവുകയാണെന്ന് ഒരു വക്താവും പറഞ്ഞിട്ടില്ല. ലീഗ് ചര്‍ച്ചകളായി പുറത്തുവന്നത് അര്‍ധ സത്യങ്ങള്‍ മാത്രം. കേരളത്തില്‍ മാത്രമേ എല്‍ഡിഎഫ്- യുഡിഎഫ് എന്ന ക്ലാരിറ്റിയുള്ളൂ. എല്‍ഡിഎഫില്‍ തൊഴിലാളി- മുതലാളി ബന്ധമേയുള്ളൂ. അനാവശ്യ വര്‍ത്തമനം കുറയ്ക്കണം. ആവശ്യമായത് മാത്രം പറയണമെന്നും അദ്ദേഹം പറഞ്ഞു.

കരിമണല്‍ ഖനനത്തില്‍ നിലവില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ല. ഇത് സര്‍ക്കാരിന്റെ നയപരമായ നിലപാടാണ്. എന്നാല്‍ കരിമണല്‍ വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എല്ലാവര്‍ക്കും എത്തിച്ചു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.