മുന്നണികള്‍ക്കെതിരെ മുരളി

Webdunia
ഞായര്‍, 31 ഓഗസ്റ്റ് 2008 (15:37 IST)
WDWD
ജലദൌര്‍ലഭ്യം ഏറ്റവും രൂക്ഷമായ വേളയിലാണ് സി പി എം വാട്ടര്‍ തീം പാര്‍ക്ക് തുടങ്ങിയിരിക്കുന്നതെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്‍റ് കെ മുരളീധരന്‍. മലപ്പുറത്ത് എന്‍ സി പി ബൂത്ത് പ്രസിഡന്‍റുമാരുടെ കണ്‍‌വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഭിന്നത വാട്ടര്‍ തീം പാര്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ വെളിവായെന്നും മുരളി പറഞ്ഞു. മുഖ്യമന്ത്രി തന്നെ വാട്ടര്‍ തീം പാര്‍ക്ക് ഉദ്ഘാടാനം ചെയ്യണമെന്ന് സി പി എം നേതൃത്വം നിര്‍ബന്ധം പിടിച്ചതിനാലാണ് മുഖ്യമന്ത്രിക്ക് ആശുപത്രിയെ സമീപിക്കേണ്ടി വന്നതെന്നും മുരളിധരന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്ക് വാട്ടര്‍ തീം പാര്‍ക്കിനോട് താല്‍‌പര്യമില്ലെന്ന് നേരത്തേ വ്യക്തമായിട്ടുള്ളതാണ്.

കേരളത്തില്‍ ഭരണം നടത്തുന്നതിന് പകരം പൊലീസ് സ്റ്റേഷന്‍ ആക്രമണവും ഹര്‍ത്താലും ന്യൂഡല്‍‌ഹിയില്‍ പോയി കുത്തിയിരുപ്പുമാണ് എല്‍ ഡി എഫ് നടത്തുന്നത്. രണ്ട് മുന്നണികളെ കൊണ്ടും ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും മുരളി പറഞ്ഞു.

കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും മുരളി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് അനുവദിച്ച 1800 കോടി രൂപയുടെ കുട്ടനാട് പാക്കേജ് നടപ്പാക്കാതെ അരിക്ക് വേണ്ടി ഡല്‍‌ഹിയില്‍ പോയി സമരം ചെയ്യുമെന്ന മന്ത്രിമാരുടെ പ്രസ്താവന അപമാനമാണ്.