മുഖ്യമന്ത്രി സമുദായത്തെ അടച്ചാക്ഷേപിച്ചു: ഉമ്മന്‍ ചാണ്ടി

Webdunia
ഞായര്‍, 25 ജൂലൈ 2010 (16:54 IST)
PRO
മുസ്ലീം സമുദായത്തെ മുഴുവനായി മുഖ്യമന്ത്രി അടച്ചാക്ഷേപിച്ചെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉള്ളതാണ്‌ അദ്ദേഹത്തിന്‍റെ വാക്കുകളെന്നും ഉമ്മന്‍ ചാണ്‌ടി പറഞ്ഞു.

ഒരു സംഘടനയുടെ കൊള്ളരുതായ്മകള്‍ക്ക്‌ മുസ്ലീം സമുദായത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന പ്രസ്താവനയാണ്‌ മുഖ്യമന്ത്രി നടത്തിയത്. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണ്‌ അദ്ദേഹത്തിന്‍റെ വാക്കുകളെന്നും ഉമ്മന്‍ ചാണ്‌ടി പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് വക്താവ് എം എം ഹസനും മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. മുസ്ലീം സമുദായത്തെ അവഹേളിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്‌ രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണെന്ന് ഹസന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹത്തിന്‍റെ പദവിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ ജമാ-അത്തെ-ഇസ്ലാമിയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. തീവ്രവാദത്തിനെതിരെ മുസ്ലീം സമുദായത്തില്‍ നിന്നുള്ള പ്രതിരോധം ദുര്‍ബലപ്പെടുത്തുന്നതാണ്‌ മുഖ്യമന്ത്രിയുടെ സമുദായ വിരുദ്ധ പ്രസ്താവനയെന്ന്‌ ജമാ അത്തെ ഇസ്ലാമി ആരോപിച്ചു. സംഘ്‌ പരിവാറിന്‍റെ പ്രചാരണമാണ്‌ മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നതെന്നും ജമാ അത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ ടി ആരിഫലി കുറ്റപ്പെടുത്തി.