മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യന്റെ കത്ത്. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ക്കാര്‍ക്കും മന്ത്രിമാരുടെ ഓഫീസുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുമ്പോഴാണ് അതിനെ തിരുത്തി ഡിജിപി രംഗത്തു വന്നിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവികള്‍ക്കും സ്‌റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഐജിക്കും ഡിജിപി: കെ എസ് ബാലസുബ്രഹ്മണ്യന്‍ അയച്ച കത്തിലാണ് ഡിജിപിയുടെ പ്രസ്താവനയുള്ളത്.
മറ്റ് ജില്ലകളില്‍ എല്‍പി വാറന്റുകളായിരുന്നാലും പ്രത്യേകിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാലും ഇത്തരക്കാര്‍ക്ക് സ്വന്തം ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും കയറിയിറങ്ങി പുതിയ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകാന്‍ കഴിയുന്നു എന്നാണ് ഡിജിപിയുടെ കത്തിലെ വാചകം. ഇന്റലിജന്‍സ് മേധാവി ടിപി സെന്‍കുമാര്‍ ആഗസ്റ്റ് 29ന് അയച്ച കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡിജിപി പുതിയ കത്ത് തയ്യാറാക്കിയിട്ടുള്ളത്.
സോളാര്‍ കേസിലും വിവിധ സാമ്പത്തിക തട്ടിപ്പു കേസുകളിലും മുഖ്യമന്ത്രിയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും പേരുകള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് സംസ്ഥാന പൊലീസ് മേധാവി തന്നെ സ്ഥിരീകരണം. വിവിധ ജില്ലകളിലെ കുറ്റവാളികളുടെ ഒരു ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നതു സംബന്ധിച്ച കത്തിലാണ് ഡിജിപിയുടെ ഈ പരാമര്‍ശം.
ഈ മാസം ഏഴിനാണ് ഡിജിപി കത്തയച്ചത്. സോളാര്‍ കേസിലെ മുഖ്യപ്രതികളായ സരിതയും ബിജുവും നിരന്തരം മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുമായും നേതാക്കളുമായും ബന്ധപ്പെട്ട സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ കത്ത്. അതിനു പിന്നാലെ സ്വര്‍ണകടത്തു കേസിലെ പ്രതി ഫയിസിനും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ പുറത്തു വന്നു. സോളാര്‍ കേസില്‍ കോടതി തന്നെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ വെളിപ്പെടുത്തലുണ്ടായിരിയ്ക്കുന്നത്.